രാജ്യത്തെ ഏറ്റവും സമാധാന പൂർണ്ണമായ സംസ്ഥാനം ഏതെന്നു ചോദിച്ചാൽ അത് കേരളമാണ് എന്ന് ഉറപ്പിച്ചു പറയേണ്ടി വരും.
ഇന്ത്യയുടെ ജനസംഖ്യയിൽ 2.78 % മാത്രമാണ് കേരളത്തിലെ ജനസംഖ്യ.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മത ജാതിയ വിദ്വേഷങ്ങൾ താരതമ്യേന വളരെ കുറവാണ് കേരളത്തിൽ.
രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി അടുത്തയിടെ കടന്നു കയറി മത വിദ്വേഷവും വെറുപ്പും വാരിവിതറുന്ന ചിലരെ കാണാതെയും ഇരുന്നു കൂടാ. എന്നിരുന്നാലും കേരളത്തിലെ ജനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ മിക്കപ്പോഴും അവരെ തള്ളിക്കളയുകയും ചെയ്യുന്നു.
ഞായറാഴ്ച കളമശേരിയിൽ ക്രിസ്ത്യൻ വിഭാഗമായ യഹോവയുടെ സാക്ഷികളുടെ സമ്മേളത്തിനു ഇടയിൽ ബോംബ് സ്ഫോടനം നടന്നത് വലിയ ഞെട്ടലോടെയാണ് കേരളം കണ്ടത്. സ്ഫോടനത്തിന്റെ പിന്നിൽ ആരാണ് എന്നതും ആശങ്ക പടർത്തി.
ചില രാഷ്ട്രീയക്കാരും അവരുടെ പിന്നണിയിലുള്ള മാധ്യമ പ്രവർത്തകരും കലക്ക വെള്ളത്തിൽ മീൻപിടിക്കാൻ ഇറങ്ങിയ കാഴ്ചയും നമ്മൾ കണ്ടു. ഇസ്രയേലിനെയും ജൂതരെയും യഹോവ സാക്ഷികളുടെയും തമ്മിൽ കൂട്ടിക്കെട്ടാൻ കയ്യിൽ മൈക്കുമായി ഇറങ്ങിയ മാധ്യമ പ്രവർത്തകർ വരെ ഉണ്ടായിരുന്നു അക്കൂട്ടത്തിൽ. ഒരു മത വിഭാഗത്തെ മാത്രം ലക്ഷ്യമിടുകയും അവരാണ് അതിനുപിന്നിൽ എന്ന് സ്ഥാപിക്കാനുള്ള മനപൂർവമായ ശ്രമമായിരുന്നു അതെല്ലാം.
സംഭവത്തെ തുടർന്ന് രാജ്യത്തെ ഒരു മന്ത്രി തന്നെ സംസ്ഥാനത്തിനും ജനങ്ങൾക്കും എതിരെ സമൂഹത്തിൽ ഭിന്നിപ്പും വർഗീയ ചേരിതിരിവും ഉണ്ടാക്കാൻ പ്രസ്താവനയുമായി ഇറങ്ങി ( ആ കേന്ദ്ര മന്ത്രിക്കു പിന്നീട് സംസ്ഥാന മുഖ്യമന്ത്രി തന്നെ കൃത്യമായ മറുപടി കൊടുക്കയും പ്രസ്താവനയിൽ കേസെടുക്കുകയും ചെയ്തു)
സ്‌ഫോടനക്കേസിലെ പ്രതി സ്വയം കീഴങ്ങുകയും അയാൾ ഒരു മുൻ യഹോവ സാക്ഷിയെന്നു വെളിപ്പെടുത്തുകയും ചെയ്തതോടെ ആണ് ജനങ്ങൾക്കിടയിൽ സംശയവും ആശങ്കയും പിരിമുറുക്കങ്ങളും അവസാനിച്ചത്.
സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവും വിദ്വേഷവും ജനിപ്പിക്കാൻ പ്രസ്താവനകളുമായി ഇറങ്ങിയ വർഗീയ ധ്രുവീകരണ ലക്ഷ്യങ്ങളുമായി നടക്കുന്ന ആളുകൾക്കും അവരുടെ പിണിയാളുകളായ മാധ്യമപ്രവർത്തകർക്കും മാധ്യമങ്ങൾക്കും നേരെ സംസ്ഥാന സർക്കാർ കർശനമായ നടപടികൾ എടുക്കേണ്ടതാണ്.
