rajalakshmi ta

‘ഉപ്പ് ‘ അകാലത്തിൽ ജീവിതത്തിൽ നിന്നും പടിയിറങ്ങിപ്പോയ രാജലക്ഷ്മിയുടെ കവിത

LITERATURE
”പരാലംബയിവൾ
താങ്ങുമ്പോൾ
മുറുമുറുക്കുന്നു ശയ്യ.
നരച്ച പകൽ
ജനാലക്കീറിലൂടെറിയുന്നു
പുച്ഛാഗ്നി രസം.
ആരാണുടയവർ?
ഉടയുവാനിനിയേതുമില്ലാത്ത
നെഞ്ചകം.
ഇവളിനി
ചലിക്കുന്ന വനമല്ല.
നിലാക്കുളിരേറ്റും തടാകമല്ല.
നീലക്കടലുമല്ല
നിറം വാർന്നൊരുപ്പുപരൽ.
അനുകമ്പയോ?
ആർദ്ദ്രകണങ്ങളോ?
അരുതരുത്‌.
നീരേറ്റാലിനി ഞാനില്ല.”
രാജലക്ഷ്മി. കേവലം മൂന്നു നോവലുകളും ഏതാനും ചെറുകഥകളും മാത്രം തന്റെ ഓർമ്മയായി അവശേഷിപ്പിച്ച  എഴുത്തുകാരി. സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടുകളിലും  വിഷയങ്ങളിലും  മാത്രം ഒതുങ്ങി നിന്നിരുന്ന മലയാള നോവൽ സാഹിത്യത്തെ  ആത്മനൊമ്പരങ്ങളുടെയും, വൈയക്തികമായ അനുഭൂതികളുടെയും  ലോകത്തേക്ക്  ആദ്യമായി അനുഭവമാക്കിയ  പ്രതിഭ.
ആത്മകഥാംശത്തിലൂടെ മനസ്സിനെ പിടിച്ചുലയ്ക്കുന്ന നോവലുകളും, കഥകളും സൃഷ്ടിച്ച കഥാകാരി
1930 – ജൂൺ 2 ന് പാലക്കാട് ജില്ലയിലെ ചേർപ്പളശ്ശേരി തേക്കത്ത് അമയങ്കോട്ടു തറവാട്ടിൽ ആയിരുന്നു രാജലക്ഷ്മിയുടെ ജനനം. അച്ഛൻ അച്യുതമേനോൻ എറണാകുളത്ത് അഭിഭാഷകനായിരുന്നതിനാൽ ബിരുദ പഠനം മഹാരാജാസ് കോളേജിൽ ആയിരുന്നു. തുടർന്ന് ബനാറസ് സർവകലാശാലയിൽ നിന്നും ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടി. പഠന ശേഷം തിരുവനന്തപുരം പെരുന്താന്നി എൻ.എസ്സ്.എസ്സ്. കോളേജിൽ അദ്ധ്യാപികയായി. പന്തളം, ഒറ്റപ്പാലം കോളേജുകളിലും ജോലി നോക്കി.
അദ്ധ്യാപക ജീവിതത്തിനിടയിൽ എഴുത്തിൻറെ ലോകത്തേക്ക് പ്രവേശിച്ചു. ‘ഒരു വഴിയും, കുറേ നിഴലുകളും’ എന്ന നോവലാണ് ആദ്യ കൃതി. ‘ഉച്ചവെയിലും ഇളം നിലാവും’, ‘ഞാനെന്ന ഭാവം’ എന്നീ രണ്ടു നോവലുകൾ കൂടി അവർ എഴുതി. പിന്നെ ഏതാനും ചെറുകഥകളും. ആദ്യ നോവലായ ‘ഒരുവഴിയും കുറെ നിഴലുകളും’ എന്ന നോവലിന് കേരളം സാഹിത്യ അക്കാദമിയുടെ അവാർഡും ലഭിച്ചു.
രാജലക്ഷ്മി വെറും പത്തു വർഷമേ എഴുത്തിൻറെ ലോകത്ത് ഉണ്ടായിരുന്നുള്ളൂ. അപ്രതീക്ഷിതമായവർ എഴുത്തിൽനിന്നും , ജീവിതത്തിൽ നിന്നും വിടവാങ്ങുകയായിരുന്നു. 1965 ജനുവരി 8 ന് രാജലക്ഷ്മി ആത്മഹത്യ ചെയ്തു

Comments

Your email address will be not published