കർണാടകയിൽ ബിജെപിയുടെ വസന്തകാലത്തിനു ഇപ്പോൾ വിരാമമിട്ട് കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയിരിക്കുന്നു !
കഴിഞ്ഞ തവണ കൂറുമാറ്റത്തിലൂടെ ജെഡിഎസ് – കോൺഗ്രസ് സഖ്യ ഭരണത്തെ മാറ്റി അധികാരം പിടിച്ച ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്, കോൺഗ്രസിനാകട്ടെ മൃഗീയ ഭൂരിപക്ഷവും.
വിജയത്തിന് പിന്നിൽ പല ഘടകങ്ങൾ ഉണ്ടാകാം, ബിജെപിയുടെ അഴിമതി, അവർ ന്യൂനപക്ഷങ്ങളിൽ വിതച്ച അനാവശ്യമായ ഭീതി അവരോടു കാട്ടിയ വെറുപ്പിന്റെ സൂചനകൾ മുതൽ കോൺഗ്രസ് മുൻ ദേശിയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നടത്തം, ശിവകുമാറും സിദ്ധരാമയ്യയും കൈകോർത്ത് തെരെഞ്ഞെടുപ്പിനു ഇറങ്ങിയത്, കോൺഗ്രസിന്റെ ജാതിമത സമവാക്യങ്ങളെ തൃപ്തിപ്പെടുത്തിയ സ്ഥാനാർഥി നിർണ്ണയം എന്നിവയൊക്കെ നല്ല രീതിയിൽ സ്വാധീനം ചെലുത്തി.
135 സീറ്റിൽ വിജയവുമായി ഭരണത്തിലേക്ക് വന്ന കോൺഗ്രസിന് തുടക്കത്തിലേ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള അവകാശവാദങ്ങൾ ആദ്യമായി വലിയ വിവാദം ആക്കാതെ പരിഹരിക്കാൻ കഴിഞ്ഞത് നേട്ടമായി.
കർണാടക തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏറ്റവും കൂടുതൽ ഷോമനിസം കാണിച്ചത് പ്രധാനമന്ത്രി മോദിയാണ് ! അനേകം റോഡ് ഷോകൾ,പ്രചാരണ യോഗങ്ങൾ റാലികൾ എല്ലാം വൃഥാവിൽ ആവുകയായിരുന്നു.
ദക്ഷിണേന്ത്യയിൽ മോദി എന്ന താര പ്രഭാവത്തിനു തീരെ സ്വാധീനമോ ജനപ്രീതിയോ ഇല്ലെന്നു വെളിവാക്കുന്നതു കൂടിയാണ് ഈ ബിജെപിയുടെ തെരെഞ്ഞെടുപ്പ് പരാജയം.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ബിജെപി പൂർണ്ണമായും അധികാരത്തിൽ നിന്നും തുടച്ചു മാറ്റപ്പെട്ടതോടെ 2024 പാർലമെന്റ് ഇലക്ഷനിൽ ദക്ഷിണേന്ത്യയിൽ തങ്ങൾ കൂടുതൽ കഷ്ട്പ്പെടേണ്ടി വരുമെന്ന സൂചനകൾ കൂടിയാണ് കർണാടക തെരെഞ്ഞെടുപ്പ് ഫലം മുന്നോട്ടു വയ്ക്കുന്നത്
