ഇത്തിരിക്കൊരു സുഖം തോന്നുന്നുണ്ടെനിക്കെൻ
പൊത്തിലെത്രനാളായ് ഞാൻ ചുരുണ്ടുകിടക്കുന്നു!
വാതമെന്നെലുമ്പിലേ മജ്ജയൊക്കെയും കാർന്നു.
പ്രേതമായ്ത്ത്തീർന്നു ഞാനെന്നാകിലും ശ്വസിക്കുന്നു.
ഉളിവയ്ക്കുമ്പോൾ കട്ടപ്പൊന്നുപോൽ മിന്നും പ്ലാവും
കളിവഞ്ചി വെട്ടീടാൻ കാതലാർന്ന തേന്മാവും
നിറയെപ്പൂത്തും കായ്ച്ചും നിൽക്കുമീ മീനക്കാല-
തതിറയത്തു ചെന്നൊന്നു നോക്കുവാൻ കഴിഞ്ഞെങ്കിൽ!
എൻപറമ്പിലില്ലൊറ്റക്കുറ്റിവാഴയു; മെനി-
ക്കിമ്പമാണെവിടെയാണെങ്കിലും മരം കണ്ടാൽ
ഒൻപതാൾ പിടിച്ചാലും പിടികൂടാതുണ്ടൊറ്റ-
ത്തമ്പലമൂളിയന്നുരമ്പലമൈതാനത്തിൽ.
വളവും പോടും കേടുമില്ല, ഞാനെൻ കൺകൊണ്ടൊ-
ന്നളന്നിട്ടൊരെൺപതു കോലിനപ്പുറം പോവും
മുറിച്ചാലതു മതി നാട്ടിലെപ്പുരയ്‌ക്കെല്ലാം
മുളമോന്തായം മാറ്റാമുത്തരത്തിനും കിട്ടും.
അല്ലെങ്കിലൂരാണ്മക്കാർ മോഹിക്കുംപോലെ ചെത്തി-
യില്ലമാളികകൾക്കു ‘ചിലാന്തി’ ക്കതൊപ്പിക്കാം.
പൂതലിച്ചുപോയെന്റെയിത്തടി; കൊതിച്ചാലാ-
ക്കാതാലിലുളി നടത്തീടുവാനാവില്ലല്ലോ!
കരിവെറ്റിലത്തുണ്ടും കൊട്ടടയ്ക്കയും നൂറിൻ-
തരിയും പുകയിലഞെട്ടിയും തപ്പിത്തപ്പി
-വെടിവെയ്ക്കിലുംകൂടികേൾക്കില്ലാ -കൂനിക്കൂടി-
പ്പടിമേലിരിക്കുന്നു,’നാനി’യും വയർ ചുങ്ങി.
അവളും കെളവിയായ്! പൂത്ത ചമ്പകത്തൈപ്പോൽ
നിവർന്നും കടഞ്ഞെടുത്തതുപോലുടമ്പാർന്നും,
ചിരിച്ചു മൂന്നുംകൂട്ടിപ്പൂത്ത വെള്ളിലപോലെ-
ന്നരികത്തിവൾ നിന്ന നാളുകൾ ഞാനോർക്കുന്നു!
(പുരികം നരച്ചൊരാകണ്ണുകൾ, ചിതൽ തിന്ന്
പുറവാതിലിൽക്കൂടിയലഞ്ഞു കുറേനേരം)
പൊങ്ങുവാൻ കഴിഞ്ഞെങ്കിൽ നിരങ്ങാം; കിഴവനെ
ത്താങ്ങുമായിരുന്നാക്കൈ….. വിതുമ്പീ പെരുംന്തച്ചൻ.
(വീണ്ടുമാ സ്മരണയെ മായ്ക്കാനോ, ചുളിവേറെ
വീണ നെറ്റിന്മേൽ മെല്ലെത്തടവീ ചുങ്ങും കൈയാൽ)
പണിചെയ്യുവാൻമേലാതാകിലും തൊങ്കിതേങ്ങി-
പ്പണിയാലയിൽപ്പുകൊന്നിരിക്കാൻ കഴിഞ്ഞെങ്കിൽ,
എങ്കിൽ, ഞാൻ മുഴക്കോലുമൂളിയും പണിക്കൂറിൽ
പ്പങ്കിടാറുള്ളാഹ്ലാദമിന്നും ഹാ! നുണഞ്ഞേനേ!
കരിവീട്ടിതൻ കാതൽ കടഞ്ഞു കുഴിച്ച വ-
ന്മരിക കമഴ്ത്തിയ പോലെഴും വിണ്ണിൻ താഴെ
അകലെക്കാണും ചെമ്പുതാഴികക്കുടം ചൂടും
മികവാർന്ന തൃക്കോവിൽ തീര്ത്തതിക്കൈകൊണ്ടത്രേ.
ഉളി ഞാൻ പിടിപ്പിച്ച കൈകളാലെൻകുഞ്ഞ,പ്പൊ-
ന്നൊളിചിന്നിടും ക്ഷേത്രദ്ധ്വജത്തിൻ തുംഗാഗ്രത്തിൽ
പറന്നങ്ങിരിക്കുമ്പോൽ ചെത്തിയ ഗരുഡന്റെ
ചിറകു ചലിക്കുന്നുണ്ടിപ്പോഴുമെന്നേ തോന്നൂ!
ഞാനതിലസൂലായുവായിപോ, ലേതച്ഛന്നു
മാനമല്ലാമട്ടൊക്കെ മകനെപ്പുകഴ്ത്തുമ്പോൾ?
ആയിരം മണിയുടെ നാവുപൊത്തിടാമൊറ്റ-
വായിലെ നാവാർക്കാനും കെട്ടുവാൻ കഴിയുമോ?
രണ്ടു ഗോപുരത്തിന്റെ തട്ടിലും വെച്ചു, തേക്കു-
കൊണ്ടു കൊത്തിയൊരഷ്ടദിക്പാലരൂപം ഞങ്ങൾ.
ഒന്നെന്റെയിരിക്കെ തീർത്തൊന്നവന്റേതും, ജീവൻ
വന്നിട്ടുണ്ടാവൻ്റേത്തിന്റേതിനേക്കാളത്രേ.
എൻകരം തോറ്റാലെന്താണെന്മകൻ ജയിക്കുമ്പോൾ,
എൻകണ്ണിലുണ്ണിക്കേലും പുകളെൻ പുകളല്ലേ?
കൊച്ചനെ സ്തുതിക്കുമ്പോളൻമുഖം മങ്ങീപോലും.
തച്ചനായാലും ഞാനൊരച്ഛനല്ലാതായപ്പോമോ?
പൊങ്ങുവാൻ കഴിഞ്ഞെങ്കിൽ നിരങ്ങാം; കിഴവനെ
ത്താങ്ങുമായിരുന്നാക്കൈ ….വിതുമ്പീ പെരുംന്തച്ചൻ.
(വീണ്ടുമാ സ്മരണയെ മായ്ക്കാനോ, ചുളിവേറെ