Bhavana-Menon800

താന്‍ ഇരയല്ല അതിജീവിതയെന്ന് നടി ഭാവന

SHE

താന്‍ ഇരയല്ല അതിജീവിതയെന്ന് നടി ഭാവന. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് തെളിയിക്കാന്‍ വേണ്ടിയായിരുന്നു തന്റെ പോരാട്ടം..  വനിതാ ദിനത്തിന് മുന്നോടിയായി പ്രശസ്ത  ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തക ബര്‍ക്ക ദത്ത് നടത്തിയ  ‘വി ദി വുമണ്‍’ എന്ന പരിപാടിയിലെ ഗ്ലോബൽ ടൗൺ ഹാളിലാണ് നടി തന്‍റെ അനുഭവങ്ങള്‍  തുറന്നു പറഞ്ഞത്.

ഇപ്പോഴും ആ സംഭവം തന്‍റെ ഓര്‍മ്മയിലുണ്ട്. എന്നെ പലരും കുറ്റപ്പെടുത്തിയിട്ടുണ്ട്. എന്‍റെ കുറ്റമാണെന്ന രീതിയിൽ. പിന്നീട് കാര്യങ്ങളൊക്കെ മാറി തുടങ്ങി. 2017ലാണ് സംഭവം നടന്നത്. 2020യിൽ വിചാരണ തുടങ്ങി. 15 ദിവസം കോടതിയിൽ പോയി. വലിയൊരു അനുഭവമായിരുന്നു അത്. 15-ാം ദിവസം കോടതിയിൽ നിന്ന് പുറത്തിറങ്ങിയത് അതീജിവിതയെന്ന മനോഭാവത്തോടെയായിരുന്നു, ഇരയെന്ന നിലയിലല്ല  ഭാവന  പറഞ്ഞു.

അഞ്ച് വര്‍ഷത്തെ യാത്ര വളരെ ബുദ്ധിമുട്ടായിരുന്നു. ചാനലുകളിലെ ചർച്ചകളെ  കുറിച്ച് അറിയാമല്ലോ. 2017ൽ നടന്ന സംഭവത്തിന് ശേഷം നിരവധിപേര്‍ ഒപ്പം നിന്നു. ചിലര്‍ പുറത്ത് ചാനലുകളിൽ പലതും പറ‍ഞ്ഞവരുമുണ്ട്. എന്നെ അറിയാത്തവര്‍ പോലും അക്കൂട്ടത്തിലുണ്ടായിരുന്നു. രാത്രി പോയതാണ് പ്രശ്നം എന്നൊക്കെ എന്നെ കുറ്റപ്പെടുത്തിയവര്‍ ഉണ്ട്. നെഗറ്റീവ് പിആര്‍ വര്‍ക്ക് സോഷ്യൽമീഡിയയിൽ നടന്നു. അതൊക്കെ ഏറെ വേദനപിപ്പിച്ചു. ഞാൻ ഇഞ്ചിഞ്ചായി മുറിയുന്നതുപോലെ തോന്നി. എന്‍റെ കുടുംബത്തിനെതിരെ പോലും പലരും സംസാരിച്ചു. അങ്ങനെയാണ് ഞാൻ എല്ലാം തുറന്നുപറയാനും പോരാട്ടം തുടരാനും തീരുമാനിച്ചത്, നടി വ്യക്തമാക്കി .

വ്യാജ കേസെന്ന രീതിയിൽ ആക്കി തീര്‍ക്കാനും ശ്രമം നടന്നു. അതൊക്കെ ഏറെ വേദനാജനമകായിരുന്നു. ചാനൽ ചര്‍ച്ചകളിലടക്കം പലരും വലിച്ചിഴച്ച് സംസാരിക്കുമ്പോള്‍ വീണ്ടും വീണ്ടും എനിക്ക് മുറിവേറ്റു . ഞാൻ ആ സമയം സോഷ്യൽമീഡിയയിൽ സജീവമായിരുന്നില്ല. 2019-ലാണ് ഇൻസ്റ്റ തുടങ്ങിയത്. പലരും അതിന് ശേഷം മെസേജ് ചെയ്യുകയുണ്ടായി. പോയി ചാകൂ, എന്തിന് ജീവിക്കുന്നു, നാണമില്ലേ തുടങ്ങിയ സന്ദേശങ്ങള്‍ ലഭിച്ചു. അതിനൊക്കെ ശേഷമാണ് ജനങ്ങള്‍ എല്ലാം അറിയണമമെന്ന് ഞാൻ തീരുമാനിച്ചത്. എനിക്ക് സംഭവിച്ചതെന്തെന്ന് തുറന്നു പറയണമെന്ന് അങ്ങനെ തോന്നി. അതിനായി എനിക്ക് ഒപ്പം നിന്ന നിരവധിപേരെ നന്ദിയോടെ ഈ സമയം ഓര്‍ക്കുന്നു. ഭാവന പറഞ്ഞു.

Comments

Your email address will be not published