യഥാർത്ഥത്തിൽ നമ്മുടെ മാധ്യമങ്ങൾ ചിലതൊക്കെ കൃത്യമായി തമസ്കരിക്കുകയും ചിലതൊക്കെ അനാവശ്യമായ അതിപ്രാധാന്യത്തോടെ അവതരിപ്പിക്കുകയും ചെയ്യുന്നു. അത്തരത്തിലൊന്നാണ് ബിജെപിക്കൊപ്പം ചേർന്ന് അവരുടെ വിജയവും കോൺഗ്രസിന്റെ പരാജയവും ചില മാധ്യമങ്ങൾ ആഘോഷിക്കുമ്പോൾ ഉണ്ടാകുന്നത്.
തിരെഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ് മാത്രമല്ല തോറ്റത്. അഖിലേഷ് യാദവിന്റെ പാർട്ടിയും തോറ്റു; അതും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയെ ബഹുദൂരം പിന്നിലാക്കിയിരുന്ന സമാജ് വാദി പാർട്ടി. ഉത്തരാഖണ്ഡിൽ ആദ്യഘട്ടത്തിൽ അഭിപ്രായ സർവേകൾ പ്രകാരം കോൺഗ്രസായിരുന്നു മുന്നിലെങ്കിലും അവസാനലാപ്പിൽ ബിജെപി ഓടിക്കയറി. ഇതിന്റെ കാരണം വളരെ വ്യക്തമായിരുന്നിട്ടും ചില മാധ്യമങ്ങൾ ബിജെപിയുടെ വികസന നയത്തെ പ്രകീർത്തിക്കുകയും അതേസമയം അവരെ യഥാർത്ഥത്തിൽ ജയിപ്പിച്ച മറയില്ലാത്ത വർഗീയ അജണ്ട മൂടിവെക്കുകയും ചെയ്യുന്നു. മലയാളത്തിൽ മാതൃഭൂമി അടക്കമുള്ള മാധ്യമങ്ങൾ ഇത് വൃത്തിയായി ചെയ്യുകയാണ്.
പൊതുവിൽ യോഗി പറഞ്ഞതുപോലെ 80 ഉം 20 ഉം തമ്മിലുള്ള പോരാട്ടമായി വളരെ വിദഗ്‌ധമായി ബിജെപി ഇലക്ഷൻ അജണ്ടയെ പുനർനിർമ്മിക്കുകയായിരുന്നു.
ഈ പുനർനിർമ്മാണത്തിന് സ്വീകാര്യത ലഭിക്കുന്നിടത്തെല്ലാം ബിജെപി ജയിച്ചു കയറി. പഞ്ചാബിൽ ജനങ്ങൾക്ക് അത് സ്വീകാര്യമല്ലാതിരുന്നത് കൊണ്ട് അവിടെ അവർ പടിക്കു പുറത്തായി.
ഇവിടെ കോൺഗ്രസിന്റെ പരാജപ്പെട്ട റോൾ കാണാനാവുന്നത് യു പിയിലോ ഉത്തരാഖണ്ഡിലോ അല്ല, മറിച്ച് പഞ്ചാബിലും ഗോവയിലും മണിപ്പൂരിലുമാണ്. പഞ്ചാബിൽ തമ്മിൽ തല്ലി അവർ ആത്മഹത്യ ചെയ്യുകയായിരുന്നു. ഗോവയിലും മണിപ്പൂരിലും സംഘടനാ ദൗർബല്യമാണ് അവർക്ക് വിനയായത്. ജയിച്ചു കഴിഞ്ഞ് ബിജെപിയിലേക്ക് കാലുമാറിപ്പോയ ചരിത്രം അവരുടെ വിശ്വാസ്യത നശിപ്പിച്ചു. ആരാധനാലയത്തിൽ പോയി പ്രതിജ്ഞ എടുപ്പിച്ചതോടെ അവരുടെ വിശ്വാസ്യത ബാക്കികൂടി പോയികിട്ടി.
ഇന്ത്യയിൽ ബിജെപി കഴിഞ്ഞാൽ ഏറ്റവും വലിയ പാർട്ടിയാണ് കോൺഗ്രസ്; 20% വോട്ട് ഷെയറുള്ള പാർട്ടി. ബിജെപി മാറ്റിനിർത്തിയാൽ ബാക്കി ഒരു പാർട്ടിക്കും ഇക്കാര്യത്തിൽ രണ്ടക്കം പോലുമില്ല. അതുകൊണ്ടുതന്നെ സംഘടനാ ദൗർബല്യങ്ങളുടെ പേരിൽ കോൺഗ്രസ് മരിച്ചു പോയി എന്ന് വിലയിരുത്തപ്പെടുന്നത് അധികപ്പറ്റായ വായനയാണ്. അങ്ങനെ പ്രചരിപ്പിക്കുക വഴി കേരളത്തിൽ ഇടതു പക്ഷത്തിനു പാർലമെന്റിൽ കൂടുതൽ സ്വീകാര്യ വരുന്നു എന്നതും വസ്തുത തന്നെ. ഇടതുപക്ഷത്തു നിന്ന് സീതാറാം യെച്ചൂരി, തൃണമൂൽ നേതാവ് മമതാ ബാനർജി, ആപ്പ് നേതാവ് അരവിന്ദ് കെജ്‌രിവാൾ എന്നീ പ്രതിപക്ഷ നേതാക്കളും കോൺഗ്രസിന്റെ കാലം കഴിഞ്ഞു എന്നു വരുത്തി തീർക്കുന്നുണ്ട് . മമതയ്ക്കും കെജ്രിവാളിനും പ്രതിപക്ഷ നേതൃ സ്ഥാനവും കിട്ടിയേക്കാം എന്നതോ വിദൂര സാധ്യതയുള്ള പ്രധാനമന്ത്രിപ്പദമോ ആണ്ലക്‌ഷ്യം. യെച്ചൂരിക്കാവട്ടെ, അവർക്ക് ഏറ്റവും സ്വാധീനമുള്ള കേരളത്തിൽ നിന്ന് സിപിഎമ്മിന് പരമാവധി സീറ്റ് എന്ന ലക്ഷ്യമാണ്. എന്നാൽ ഈ വിഷയത്തിൽ എൻ സി പിയോ, ഡി എം കെയോ, ശിവസേനയോ , കോൺഗ്രസിനെ തള്ളിപ്പറഞ്ഞിട്ടില്ല.
കോൺഗ്രസിനെ തള്ളുന്നതും കൊള്ളുന്നതും മറ്റൊരു വിഷയമാണ്.ഇവിടെ വിഷയം ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയും നേരിടുന്ന വെല്ലുവിളിയാണ്. ഇന്ത്യ ഒരു മതേതര രാഷ്ട്രമെന്ന നിലയിൽ എത്ര കാലം കൂടി ഉണ്ടാവും എന്ന ചോദ്യമാണ്. ഈ ചോദ്യത്തിനുള്ള ഉത്തരം പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിലുണ്ട്. അതിനുപക്ഷെ പരസ്പരം ‘ഞാൻ കേമൻ ഞാൻ കേമൻ‘ എന്ന മട്ടിൽ അഹമഹമികയാ നായ്ക്കളെപ്പോലെ കടിപിടി കൂടുന്ന പ്രതിപക്ഷ കക്ഷികൾ രണ്ടു വർഷത്തിന് ശേഷം എത്രമാത്രം സഹകരിക്കും എന്നത് വേദനിപ്പിക്കുന്ന ഒരു പ്രഹേളികയാണ്. പ്രഹേളിക എന്നതിനർത്ഥം ഒട്ടും വ്യക്തമല്ലാത്ത ഒരു സമസ്യ എന്നാണ്. അത്തരമൊരു ഐക്യമില്ലാതെ തിരഞ്ഞെടുപ്പിനെ നേരിട്ടാൽ ബിജെപിക്കത് ഈസി വാക്കോവർ ആകും. പഞ്ചാബിലോ , ഡെൽഹിയിലോ, ബംഗാളിലോ ഒക്കെ കാവി തരംഗം ആഞ്ഞു വീശും. കാരണം നേതാവില്ലാത്ത ഒരു സംഘത്തിനും ജനം ഇന്ന് വോട്ടു ചെയ്യാറില്ല. മോദിക്ക് ബദലായി മമതയോ , കെജ്രിവാളോ, രാഹുലോ വരട്ടെ, അല്ലെങ്കിൽ കോൺഗ്രസ് പുറത്തു നിന്ന് ഈ സഖ്യത്തെ പിന്തുണയ്ക്കട്ടെ എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഹിന്ദുരാജ്യം എന്ന യാഥാർഥ്യത്തിലേക്ക് മതേതരജനത കൂടുതൽ അടുക്കും.
കോൺഗ്രസിലെ സംഘടനാ പ്രശ്നങ്ങൾ അവർ പരിഹരിക്കട്ടെ. കോൺഗ്രസ് ശക്തി പ്രാപിക്കേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്. അതുകൊണ്ട് എത്ര ൿടുത്ത തീരുമാനമെടുത്തും അവർ സ്വയം നവീകരിച്ചെ മതിയാവൂ. ജനകീയ പ്രശ്നങ്ങളിൽ ഒരു തുടർച്ചയോടെ അവർക്ക് ഇടപെടാൻ കഴിയുന്നില്ല. കർഷക സമരത്തിൽ ഒരു ചെറുവിരൽ പോലും അനക്കാത്ത ആപ്പ് പഞ്ചാബ് കൈവെള്ളയിൽ എടുത്തു കൊണ്ട് പോകുന്നത് നോക്കിനിൽക്കേണ്ടി വരുന്ന അവസ്ഥയാണ് കോൺഗ്രസിലെ ദുർബല നേതൃത്വം ഉണ്ടാക്കിയെടുത്തത്. കാരണം കർഷക സമരത്തിൽ കോൺഗ്രെസ്സാണ് ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ആദ്യമായി രംഗത്ത് വന്നത്. എന്നാൽ അതിന്റെ തുടർച്ച വർക്ക്എ ഇല്ലാതാവുന്നു.
മറ്റൊരു ഐറണി ഇത്തരം ജനകീയ പ്രശ്നങ്ങൾക്ക് ഹിന്ദുത്വ വിഴുങ്ങിയ സംസ്ഥാനങ്ങളിലുള്ള സിറോ മൂല്യമാണ് . കർഷകസമരത്തിലേക്ക് വാഹനം ഇടിച്ചു കയറ്റുകയും വെടിവെക്കുകയും ചെയ്ത ഒരു പാർട്ടിയെ കർഷക നേതാവ് ടിക്കായത്തിന്റെ നാട്ടുകാർ വീണ്ടും ജയിപ്പിക്കുന്നത് അതുകൊണ്ടാണ്. മറ്റെന്തിനും മീതെ ഒരു കറുത്ത നിഴൽ പോലെ മതം വന്നു മൂടുമ്പോൾ സംഭവിക്കുന്നതാണിത്.
സംഘിസത്തെ സ്വീകരിക്കാത്ത സംസ്ഥാനങ്ങളിൽ ബിജെപിയെ തളയ്ക്കാൻ അനായാസമായി പ്രതിപക്ഷത്തിനു സാധിയ്ക്കും; എല്ലാവരും ഒരു പൊതു മീനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ യോജിച്ചാൽ. എന്നാൽ സംഘിസം നിഴൽ പടർത്തിയ സംസ്ഥാനങ്ങളിൽ എല്ലാ മതേതര കക്ഷികളുടെയും ഐക്യം മാത്രമേ ഒരു പ്രതിരോധമാവുകയുള്ളൂ. ബീഹാറിൽ കോൺഗ്രസ്സിന് സീറ്റു കൊടുത്തിട്ടും പ്രയോജനമുണ്ടായില്ല എന്ന വാദം വെറും ഉപരിപ്ലവമാണ്. കാരണം, കോൺഗ്രസ് തോറ്റതിൽ ഭൂരിപക്ഷവും ന്യുനപക്ഷ സ്വാധീനമുള്ള മണ്ഢലങ്ങൾ ആയിരുന്നു.യാദവ ബെൽറ്റിൽ ആർജെഡിയും ന്യൂനപക്ഷ ബെൽറ്റിൽ കോൺഗ്രസ്സും ആണ് ഭാഗ്യം പരീക്ഷിച്ചത്. എന്നാൽ ഉവൈസി അവിടെ കോൺഗ്രീസിന്റെ പകുതിയുമായി പോയതാണ് വിനയായത്. രാഷ്ട്രീയത്തെ നിസ്സംഗമായ ഒരു നിരീക്ഷണത്തിനു വിധേയമാക്കിയാലേ വസ്തുനിഷ്ഠമായി എന്താണ് സംഭവിക്കുന്നത് എന്ന മനസ്സിലാവുകയും അതിന് പ്രതിവിധി ചെയ്യാനും പറ്റുകയുള്ളൂ.
മതേതര ഇന്ത്യ ഊർധ്വശ്വാസം വലിക്കുമ്പോൾ അതിനെ താങ്ങി നിർത്തേണ്ടുന്നവർ തമ്മിലടിക്കുന്നത്, ഇന്ത്യ ഈ ദശകത്തിൽ സാൿഷ്യം വഹിക്കുന്ന വലിയൊരു ഹ്യൂമൻ ഡിസാസ്റ്റർ ആയിത്തീരും.