john keats

കവി ജോൺ കീറ്റ്സിന്റെ മനോഹരമായ പ്രണയ ലേഖനങ്ങൾ

LITERATURE

1819 ജൂലൈ 1…ഇത്രക്കെന്നെ കെട്ടിവരിയാനും എന്റെ സ്വാതന്ത്ര്യത്തെ നശിപ്പിക്കാനും മാത്രം അതിക്രൂരയായില്ലേ താനെന്നു നീ സ്വയമൊന്നു ചോദിച്ചുനോക്കൂ. ഒട്ടും വൈകാതെ എനിക്കെഴുതേണ്ട കത്തിൽ നീയതു സമ്മതിക്കുമോ? എന്നെ ആശ്വസിപ്പിക്കാൻ വേണ്ടതൊക്കെ നീ ചെയ്യുമോ? –എന്നെ ലഹരി പിടിപ്പിക്കാൻ അവീൻപൂക്കൾ പിഴിഞ്ഞെടുത്തപോലതിനെ വീര്യമുള്ളതാക്കൂ; എത്രയും മാർദ്ദവമുള്ള പദങ്ങൾ മാത്രമുപയോഗിക്കൂ; എന്റെ ചുണ്ടുകൾക്കു നിന്റെ ചുണ്ടുകളിരുന്നിടത്തൊന്നു തൊടാൻ വേണ്ടിയെങ്കിലും അതിലൊന്നു ചുംബിക്കുകയും ചെയ്യൂ.

എന്റെ കാര്യമാവട്ടെ, ഇത്രയും സുന്ദരമായ ഒരു രൂപത്തോട് എനിക്കുള്ള ഭക്തി എങ്ങനെ പ്രകടിപ്പിക്കണമെന്നെനിക്കറിയുന്നില്ല: അതിനു ദീപ്തം എന്ന പദത്തെക്കാൾ ദീപ്തമായ ഒരു പദം എനിക്കു വേണം, സുന്ദരം എന്ന പദത്തെക്കാൾ സുന്ദരമായ ഒരു പദവും വേണം. മൂന്നു ഗ്രീഷ്മദിനങ്ങൾ മാത്രം ആയുസ്സുള്ള പൂമ്പാറ്റകളായിരുന്നുവെങ്കിൽ നാമെന്നുപോലും  ഞാൻ ആശിച്ചുപോകുന്നു

അമ്പതു സാധാരണ വർഷങ്ങൾക്കൊരിക്കലും തരാനാവാത്ത ആനന്ദം നിന്നോടൊരുമിച്ചുള്ള ആ മൂന്നു നാളുകൾ എനിക്കു നല്കിയേനെ. പക്ഷേ, മനസ്സിൽ എത്ര സ്വാർത്ഥിയാണെങ്കിലും പ്രവൃത്തിയിൽ സ്വാർത്ഥിയാവാൻ എനിക്കൊരിക്കലും കഴിയില്ല:

ഹാംസ്റ്റെഡ് വിടുന്നതിന്‌ ഒന്നോ രണ്ടോ ദിവസം മുമ്പു ഞാൻ നിന്നോടു പറഞ്ഞപോലെ, വിധി എന്റെ ചീട്ടുകുത്തിൽ ഒരു ജാക്കോ, ഒരു രാജാവോ റാണിയോ എങ്കിലും തിരുകിത്തന്നില്ലെങ്കിൽ ലണ്ടനിലേക്കിനി ഞാനില്ല. എന്റെ സന്തോഷത്തിന്റെ കേന്ദ്രബിന്ദു നീ തന്നെയായിരിക്കുമെങ്കിലും നിന്റെ ഹൃദയത്തിന്റെ പൂർണ്ണാവകാശം എനിക്കായിരിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നില്ലഈ നിമിഷം

എനിക്കു നിന്നോടുള്ള വികാരങ്ങൾ നിനക്കെന്നോടുമുണ്ടെന്നെനിക്കു തോന്നിയിരുന്നെങ്കിൽ ഒരാശ്ളേഷത്തിന്റെ ആനന്ദത്തിനായി നാളെ വീണ്ടും നിന്നെ കാണുന്നതിൽ നിന്നു സ്വയം തടുക്കാൻ എനിക്കു കഴിയുമെന്നു ഞാൻ കരുതുന്നില്ല. പക്ഷേ ഇല്ലഭാഗ്യത്തിലും പ്രതീക്ഷയിലും വിശ്വാസമർപ്പിച്ചു ഞാൻ കഴിയണം. അല്ല, സംഭവിക്കരുതാത്തതാണു സംഭവിക്കുന്നതെങ്കിൽ, അപ്പോഴും ഞാൻ നിന്നെ സ്നേഹിക്കുംപക്ഷേ, മറ്റേയാളോടുള്ള എന്റെ വെറുപ്പ് എത്ര കഠിനമായിരിക്കും!


1819 ഒക്റ്റോബർ 13എത്രയും പ്രിയപ്പെട്ട പെൺകുട്ടീ,ചില കവിതകൾ തെറ്റു തിരുത്തി പകർപ്പെടുക്കാനുള്ള ഒരുക്കത്തിലാണു ഞാൻ. പക്ഷേ എന്തെങ്കിലും തരത്തിലുള്ള തൃപ്തിയോടെ മുന്നോട്ടു പോകാൻ എനിക്കു കഴിയുന്നില്ല. ഒന്നോ രണ്ടോ വരി നിനക്കെഴുതി അല്പനേരത്തേക്കെങ്കിലും നിന്നെ മനസ്സിൽ നിന്നു കളയാൻ പറ്റുമോയെന്നു നോക്കട്ടെ.സ്വന്തം ഹൃദയത്തെപ്പിടിച്ചു ഞാൻ പറയട്ടെ, മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാൻ എനിക്കു കഴിയുന്നില്ല. ഒരു വാഗ്ദാനവും തരാനില്ലാത്ത എന്റെ ജീവിതത്തിന്റെ പ്രഭാതത്തെക്കുറിച്ചു നിനക്കു മുന്നറിയിപ്പു തരാനും നിന്നെ ഉപദേശിക്കാനും എനിക്കു ശക്തിയുണ്ടായിരുന്ന കാലം കഴിഞ്ഞു.

എന്റെ പ്രണയം എന്നെ സ്വാർത്ഥിയാക്കിയിരിക്കുന്നു. നീയില്ലാതെ എനിക്കു ജീവിക്കാൻ കഴിയില്ലെന്നായിരിക്കുന്നു. ഒന്നും എനിക്കോർമ്മയിൽ നില്ക്കുന്നില്ല; പക്ഷേ നിന്നെ വീണ്ടും കാണുമ്പോഴാകട്ടെഎന്റെ ജീവിതം അവിടെ നിലച്ചുപോവുകയാണ്‌മറ്റൊന്നും പിന്നെ ഞാൻ കാണുന്നുമില്ല. നീയെന്നെ നിന്നിലേക്കു വലിച്ചെടുത്തുകഴിഞ്ഞു. ഞാൻ അലിഞ്ഞുതീരുകയാണെന്നു തോന്നുകയാണ്‌ ഇപ്പോഴെനിക്ക് – നിന്നെ ഉടനെ കാണാമെന്ന പ്രതീക്ഷയില്ലെങ്കിൽ ഞാൻ ദുരിതത്തിലാവും. എന്റെ ഫാന്നീ, നിന്റെ മനസ്സു മാറില്ലേ? എന്റെ പ്രിയേ, അതു മാറുമോ? എന്റെ പ്രണയമിപ്പോൾ പരിധിയറ്റതാണ്‌നിന്റെ കത്ത് ഇതാ, ഇപ്പോൾ കിട്ടിയതേയുള്ളു; നിന്നിൽ നിന്നകന്ന് സന്തോഷത്തോടെയിരിക്കാൻ എനിക്കു കഴിയില്ല.

മുത്തുകൾ കയറ്റിപ്പോകുന്ന ഒരു കപ്പലിനെക്കാൾ വിലയേറിയതാണത്. കളിയായിപ്പോലും എന്നെ ഭീഷണിപ്പെടുത്തരുതേ. മതത്തിനു വേണ്ടി രക്തസാക്ഷികളാവാൻ മനുഷ്യർക്കെങ്ങനെ കഴിയുന്നു എന്നു ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്അതോർത്തു ഞാൻ നടുങ്ങിപ്പോയിട്ടുണ്ട്. ആ നടുക്കം ഇപ്പോൾ എനിക്കില്ലഎന്റെ മതത്തിനു വേണ്ടി രക്തസാക്ഷിയാവാൻ ഞാനൊരുക്കമാണ്‌പ്രണയമാണ്‌ എന്റെ മതം – അതിനു വേണ്ടി ഞാൻ ജീവൻ കളയാം. നിനക്കു വേണ്ടി ഞാൻ മരിക്കാം. പ്രണയമാണെന്റെ വിശ്വാസസംഹിത, അതിന്റെ ഒരേയൊരു പ്രമാണം നീയും.

എനിക്കു തടുക്കാനാവതില്ലാത്ത ഒരു ബലത്താൽ നീയെന്നെ തകർത്തുകളഞ്ഞിരിക്കുന്നു; പക്ഷേ നിന്നെ നേരിൽ കാണുന്നതു വരെ എനിക്കു ചെറുത്തു നില്ക്കാൻ കഴിഞ്ഞിരുന്നു; പിന്നീടും, നിന്നെ കണ്ടതിനു ശേഷവും, പ്രണയത്തിന്റെ യുക്തികളെ യുക്തി കൊണ്ടു പ്രതിരോധിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. അതിനി എനിക്കു പറ്റാതായിരിക്കുന്നുഅതിന്റെ വേദന അത്ര കഠിനമായിരിക്കും. എന്റെ പ്രണയം സ്വാർത്ഥിയാണ്‌. നീയില്ലാതെ എനിക്കു ശ്വാസമെടുക്കാനാവുന്നില്ല.

എന്നുമെന്നും നിന്റെയായ ജോൺ കീറ്റ്സ്

Comments

Your email address will be not published